Kerala
മലപ്പുറം: നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്ഥി വി. ശിവൻകുട്ടി എസ്ഡിപിഐയുടെ പിന്തുണ പ്രാദേശികമായി തേടിയിട്ടുണ്ടെന്നും പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പൊതുവായി പറഞ്ഞതായിരിക്കാമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.
സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടാവില്ല. നേമത്ത് പ്രാദേശികമായി പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് നയത്തിൽ സിപിഎമ്മിനും ഭിന്നഭിപ്രായം ഉണ്ടായിട്ടുണ്ടെന്നും അതേ അഭിപ്രായം തങ്ങള്ക്കും ഉണ്ടെന്നും അതുകൊണ്ട് സര്ക്കാരിനെ എതിര്ക്കണമെന്നില്ലെന്നും ലത്തീഫ് പറഞ്ഞു.
മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ വിഡി സതീശൻ നിലപാട് തിരുത്തണം. പരസ്യമായി പറഞ്ഞില്ലെങ്കിലും ഞങ്ങളോട് എങ്കിലും തിരുത്തി പറയണം. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞ യുഡിഎഫിലെ ഏക രാഷ്ട്രീയ നേതാവാണ് സതീശൻ.
വി ഡി സതീശൻ എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചു. ഇത് പുതിയ നിലപാട് അല്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയായശേഷം സതീശൻ എസ്ഡിപിഐയെ തള്ളി. ഈ നിലപാട് ബിജെപിക്ക് സഹായകമായി. ഒരു പഞ്ചായത്ത് ഭരണം ബിജെപിക്ക് തളികയിൽ വെച്ചു കൊടുക്കുന്ന സാഹചര്യം ഉണ്ടായി. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ചത് പൊതു സമൂഹത്തിന്റെ സമ്മര്ദത്താലാണ്.
പാണക്കാട് തങ്ങൾ വരെ വോട്ട് വിഭജിച്ചു പോകുമെന്ന് പറഞ്ഞു. എന്നാൽ, സതീശൻ നേരെ തിരിച്ചാണ് പറയുന്നത്. ഇത് കോൺഗ്രസ് നിലപാട് ആണോ എന്നു നേതൃത്വം പറയണം. കെസി വേണുഗോപാൽ ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് പറയുന്നത്. എഐസിസി ജനറൽ സെക്രട്ടറിക്ക് മുകളിലാണോ സതീശൻ. സതീശൻ ഇങ്ങനെ പറയുന്നത് ദുരൂഹമാണെന്നും ലത്തീഫ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേമത്തു വി. ശിവന്കുട്ടിയും എസ്ഡിപിഐയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐയോട് സിപിഎം നേതൃത്വം പിന്തുണ തേടിയതിനാല് പിന്തുണയ്ക്കുന്നുവെന്ന എസ്ഡിപിഐ നേതാവിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
എസ്ഡിപിഐയുമായി ചങ്ങാത്തമുള്ളത് കോണ്ഗ്രസിനാണ്. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില് കോണ്ഗ്രസും എസ്ഡിപിഐയും ഒറ്റച്ചങ്ങാതിമാരായാണ് പ്രവര്ത്തിച്ചതെന്നും അതെല്ലാം കേരളത്തിലെ ജനങ്ങള് കണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. പത്ത് വര്ഷക്കാലം കേരളത്തില് ഒരു വര്ഗീയ കലാപവും ഉണ്ടായിട്ടില്ല. ഒരു വര്ഗീയതയോടും വിട്ടുവീഴ്ച ചെയ്യില്ല.
എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറഞ്ഞത് പോലെ എല്ഡിഎഫ് പറയുമോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ന്യൂനപക്ഷങ്ങള് കുടുതലും സര്ക്കാരിനെ പിന്തുണയ്ക്കുന്നവരാണെന്നാണ് അദ്ദേഹം മറുപടി നല്കിയത്.
Kerala
ഇടുക്കി: ഗീബൽസിനെക്കാൾ വല്യ നുണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു.
വി.ഡി. സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു. ഇത് ഓരോന്നായി എൽഡിഎഫ് പൊളിച്ചു കൊണ്ടിരിക്കുകയാണ്. വയനാട്ടിൽ വീട് വച്ചു നൽകുമെന്ന് കോൺഗ്രസ് പറഞ്ഞു. ഇതിനായി പിരിവും നടത്തി. എന്നാൽ പിരിച്ച പണം എവിടെയാണെന്ന് പറയുന്നില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഇട്ട തറക്കല്ല് പോലും കാണുന്നില്ല. ഈ പണം ഉപയോഗിച്ചല്ലേ കോൺഗ്രസ് ഇലക്ഷൻ പ്രചരണം നടത്തുന്നത്. പാചക വാതകം ക്ഷാമം സംബന്ധിച്ചും പിണറായി സർക്കാരിനെതിരെ പ്രചാരണം നടത്തുന്നുവെന്ന് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: എസ്ഡിപിഐ വോട്ട് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്രൻ പി.വി. അൻവർ. ആരുടെ വോട്ടും സ്വീകരിക്കുമെന്ന് പി.വി. അൻവർ പറഞ്ഞു. എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അൻവർ.
പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് പി.വി. അൻവർ വ്യക്തമാക്കി. കള്ളപ്പണ ഇടപാട് കേസിലെ ഇഡിയുടെ റിപ്പോർട്ട് ആശ്വാസം നൽകുന്നതാണെന്നും പി.വി. അൻവർ അറിയിച്ചു.
കേസുകൾ ഉയർത്തി തന്നെ വ്യക്തിഹത്യ നടത്തി. വികസനം ഉയർത്തിയപ്പോൾ വ്യക്തിഹത്യയാണ് നടത്തിയത്. രാഷ്ട്രീയപോരാട്ടത്തിന് എത്തിയ താൻ വൈകാരികമായി പ്രതികരിക്കേണ്ടി വന്നു. ബേപ്പൂരിലേക്ക് കെഎസ്ആർടിസി ബസ് പോലുമില്ലെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ തേടിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും ഒരേപോലെ കാണേണ്ടതില്ലെന്നും രണ്ടും തമ്മിൽ സമീകരിക്കേണ്ട കാര്യമില്ലെന്നും എം.എ.ബേബി പറഞ്ഞു.
എസ്ഡിപിഐയുടെ നിലവിലെ പ്രവർത്തന രീതികളിൽ സിപിഎമ്മിന് വിമർശനമുണ്ട്. ആർഎസ്എസിന് തങ്ങളുടെ പ്രവർത്തന ശൈലിയെ ന്യായീകരിക്കാൻ എസ്ഡിപിഐ അവസരം ഒരുക്കിക്കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എസ്ഡിപിഐ പ്രവർത്തന ശൈലി മാറ്റണം. മുഖ്യമന്ത്രിയുടെ ശൈലിയെ മാധ്യമങ്ങൾക്ക് വിമർശിക്കാമെന്ന് അഭിപ്രായപ്പെട്ട സിപിഎം ജനറൽ സെക്രട്ടറി അദ്ദേഹത്തിന്റെ സംഭാവനകളാണ് പരിഗണിക്കേണ്ടതെന്നും പറഞ്ഞു.
Kerala
കോട്ടയം: എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് സിപിഎം ഇതിനുമുൻപ് പറഞ്ഞിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്നും എ. വിജയരാഘവൻ ചോദിച്ചു.
എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരളീയ പൊതുസമൂഹത്തോടാണ് വോട്ട് ചോദിക്കുകയെന്നും എ. വിജയരാഘവൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ.
യുഡിഎഫ് മുഖ്യമന്ത്രിയെ വ്യക്തിപരമായി നേരിടുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു. ചില മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയെ പ്രകോപനപരമായി നേരിടുന്നു. അത് യുഡിഎഫ് അജണ്ടയാണ്. യുഡിഎഫ് രാഷ്ട്രീയ ഭിക്ഷാദേഹികളെ കൂട്ട് പിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പതിവ് പോലെ നുണ പ്രചാരണങ്ങൾ നടത്തുകയാണ്. യുഡിഎഫ് പ്രചരിപ്പിക്കുന്ന കളവുകൾ ജനം വിശ്വസിക്കില്ല. യുഡിഎഫ് വർഗീയ പ്രചരണങ്ങൾ നടത്തുകയാണെന്നും എ. വിജയരാഘവൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നേമത്ത് എൽഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി സ്ഥാനാർഥി വി.ശിവൻകുട്ടി. ആര് വോട്ടുനൽകിയാലും സന്തോഷത്തോടെ സ്വീകരിക്കും. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്നും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായാണ് താൻ മത്സരിക്കുന്നത്. ആര് വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കും. എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എൽഡിഎഫ് നേരത്തേ പറഞ്ഞിട്ടുണ്ടാകാം. എന്നാൽ രാഷ്ട്രീയത്തിൽ പ്രശ്നങ്ങളെല്ലാം മാറിമാറി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കുക എന്നതാണ്. അത് വേർതിരിച്ച് വോട്ട് ചോദിക്കാനാകില്ല. ആര് സഹായിക്കാൻ വന്നാലും എല്ലാവരുടെയും വോട്ട് വാങ്ങുകതന്നെ ചെയ്യും. വേണ്ടെന്ന് പറയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം-എസ്ഡിപിഐ ബന്ധം എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആരോപണം കനഗോലു ക്യാപ്സൂൾ മാത്രമാണെന്നും ബേബി പരിഹസിച്ചു.
ആദ്യം പറഞ്ഞത് സിപിഎം - ബിജെപി ഡീൽ എന്നാണ്. എസ്ഡിപിഐയോട് വർഗീയ നിലപാട് തിരുത്തണമെന്നാണ് പറയാനുള്ളതെന്നും ബേബി പറഞ്ഞു. എസ്ഡിപിഐ പിന്തുണയ്ക്കും എന്ന് പറയുന്നത് അവരുടെ അനുഭവത്തിൽ നിന്നുള്ള പ്രതികരണമാണെന്നും ബേബി കൂട്ടിച്ചേർത്തു.
സിപിഎം വർഗീയ ശക്തികളോട് ചർച്ച നടത്താറില്ല. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിംഗ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോ എന്നും ബേബി പറഞ്ഞു.
Kerala
മലപ്പുറം: സിപിഎം-എസ്ഡിപിഐ ഡീൽ ആരോപണം നുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫിന് ഇങ്ങനെയൊക്കെ പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി തിരൂരിൽ നടത്തിയ പറഞ്ഞു.
വർഗീയതോട് വിരുദ്ധ നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്. തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ല. തുടർഭരണം വന്നതിന് ശേഷം സംസ്ഥാനത്തെ എല്ലാ രംഗങ്ങളിലും പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. തന്റെ പെരുമാറ്റം ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ പ്രയോഗവും ജനകീയ പ്രതിബദ്ധതയും ഒത്തുചേർന്നാണ് സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ രംഗത്തെ നവീകരണം, ആരോഗ്യ മേഖലയിലുണ്ടായ വികസനം, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വ്യാപനം എന്നിവയാണ് സർക്കാരിന്റെ പ്രധാന നേട്ടങ്ങളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കളുടെ സ്വപ്നങ്ങൾക്കും നാടിന്റെ വളർച്ചയ്ക്കും അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് രൂപപ്പെട്ടുത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്ക് സർക്കാർ ശക്തമായ പിന്തുണയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി വിരുദ്ധ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. രാജ്യത്ത് ആദ്യമായി പ്രവാസികളെ ക്ഷേമ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത് ഇടത് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2009-ൽ പ്രവാസി ക്ഷേമ ബോർഡ് രൂപീകരിച്ചതും ഈ രംഗത്തെ പ്രധാന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി ഒരു നീക്കുപോക്കുമില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പിഡിപി പിന്തുണ അറിയിച്ചിട്ടുണ്ട്. പിഡിപിയുടെ പഴയ നിലപാടല്ല ഇപ്പോഴെന്നും അത് മഅദനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ 5000 വോട്ട് കിട്ടുമെന്നാണ് തെക്കൊരു നേതാവ് പറയുന്നത്. ഇങ്ങനെയാണ് ചില ഡീലുകൾ തെളിഞ്ഞുവരുന്നതെന്നും എം.എ. ബേബി പറഞ്ഞു. രക്തസാക്ഷികളുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ സീറ്റ് കിട്ടാതാകുമ്പോൾ പുച്ഛിച്ച് പുറത്തുപോകരുത്.
പ്രസ്ഥാനത്തെ അരുംകൊല ചെയ്തവർക്ക് ഒപ്പം പോകുന്നത് അധഃപതനമാണ്. അപൂർവം ചിലരിൽ പാർലമെന്ററി മോഹമുണ്ട്. ഇത് തെറ്റായ സമീപനമാണെന്നും എം.എ.ബേബി പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഉൾപ്പെടെ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജൻ. തെരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ലക്ഷ്യം. വോട്ട് ചെയ്യുന്നവർക്ക് അവരുടേതായ രാഷ്ട്രീയമുണ്ടാകാം.
എന്നാൽ വോട്ട് സ്വീകരിക്കുന്നതിൽ വിവേചനം കാണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് സങ്കടപ്പെട്ടിട്ട് കാര്യമില്ല. മുഖ്യമന്ത്രി എന്ന് കേൾക്കുമ്പോൾ തന്നെ കോൺഗ്രസിന്റെ പല കോണുകളിൽ നിന്നും പൊട്ടിത്തെറിയാണ് ഉണ്ടാകുന്നത്.
പ്രധാന നേതാക്കൾ പാർട്ടി വിട്ടുപോകുന്നത് തെരഞ്ഞെടുപ്പിന് ശേഷം പരിശോധിക്കും. ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണ്. മൂന്നാം എൽഡിഎഫ് സർക്കാർ ഭരണത്തിൽവരുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
Kerala
കാസർഗോഡ്: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്തെ മത്സരരംഗത്തു നിന്ന് പിന്നോട്ടില്ലെന്ന് എസ്ഡിപിഐ സ്ഥാനാർഥി കെ.എം.അഷ്റഫ്. പിന്മാറാൻ സമ്മർദമുണ്ടെങ്കിലും ശക്തമായി മുന്നോട്ട് പോകും. ബിജെപിയെ സഹായിക്കാനാണെന്ന പ്രചാരണം വിലപ്പോകില്ല.
എസ്ഡിപിഐ മത്സരിക്കുന്നതിൽ യുഡിഎഫിന് ആശങ്കയാണ്. മണ്ഡലത്തിൽ എസ്ഡിപിഐ - ബിജെപി മത്സരമാണ് നടക്കുന്നത്. നിലവിലെ യുഡിഎഫ് എംഎൽഎ സമ്പൂർണ പരാജയമാണെന്നും അഷ്റഫ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്ഥി എ.കെ.എം. അഷ്റഫിനെതിരെ അപരൻമാരും രംഗത്തുണ്ട്.
2021ല് 855 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു മുസ്ലിം ലീഗ് നേതാവ് എ.കെ.എം. അഷ്റഫിന്റെ വിജയം. എ.കെ.എം. അഷ്റഫ് 65,858, എൻഡിഎയിലെ കെ. സുരേന്ദ്രന് 65,013, എൽഡിഎഫ് സ്ഥാനാര്ഥി വി.വി. രമേശന് 40,639 വോട്ടും നേടിയിരുന്നു.
National
ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് എം.കെ. മൊയ്തീൻ ഫൈസിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ദീർഘകാലമായി ജയിലിൽ കഴിയുകയാണെന്നും അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചു.
പിഎഫ്ഐയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിനിടെ 2025 മാർച്ചിൽ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി വിദേശത്തുനിന്നും സ്വദേശത്തുനിന്നും നിയമവിരുദ്ധമായി പണം സമാഹരിക്കുകയും അത് വെളുപ്പിക്കുകയും ചെയ്തു എന്നാരോപിച്ചാണ് ഇഡി മൊയ്തീൻ ഫൈസിയെ അറസ്റ്റ് ചെയ്തത്. പിഎഫ്ഐയുടെ രാഷ്ട്രീയ മുഖമായി എസ്ഡിപിഐ പ്രവർത്തിക്കുന്നുവെന്നും ഇഡി കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ, തന്റെ കക്ഷിക്ക് പിഎഫ്ഐയുടെ സാമ്പത്തിക ഇടപാടുകളുമായി നേരിട്ട് ബന്ധമില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായാണ് തന്നെ വേട്ടയാടുന്നതെന്നും ഫൈസിയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കടുത്ത നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
Kerala
കണ്ണൂർ: കണ്ണൂരിൽ എംഎസ്എഫ് ജില്ലാ പ്രവർത്തകസമിതി അംഗത്തിന് വെട്ടേറ്റു. നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി ഇരിട്ടിയിൽ വച്ചാണ് നൈസാം പുഴക്കരയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് എംഎസ്എഫ് ആരോപിച്ചു. പരിക്കേറ്റ നൈസാമിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുള്ളറ്റിലും കാറിലുമായെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് നൈസാം പറയുന്നു.
പ്രദേശത്ത് ലീഗ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. വോട്ടെടുപ്പ് ദിവസവും പലയിടത്തും സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് പോലീസിന്റെ അനുമാനം.
Kerala
കണ്ണൂർ: പാലത്തായി കേസിൽ വർഗീയ പരാമർശവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ.
പാലത്തായി കേസിൽ എസ്ഡിപിഐ നിലപാടെടുത്തത് പീഡിപ്പിച്ച ആൾ ഹിന്ദു ആയതുകൊണ്ടാണ്. ഉസ്താദുമാർ പീഡിപ്പിച്ച കേസിൽ പ്രതിഷേധവുമില്ല, മുദ്രാവാക്യവും ഇല്ല. സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസിൽ എസ്ഡിപിഐ സ്വീകരിച്ചതെന്നും പി. ഹരീന്ദ്രൻ പറഞ്ഞു.
എത്ര ഉസ്താദുമാർ ഇങ്ങനെ കുട്ടികളെ ആൺ പെൺ വ്യത്യാസമില്ലാതെ പീഡിപ്പിച്ചിട്ടുണ്ട്. ഇവിടെ പീഡിപ്പിച്ചത് ഹിന്ദു ആയതുകൊണ്ടാണ് ഇവർ വിവാദമുണ്ടാക്കിയത്. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പ്രചാരണം നടത്തുന്നത് അടിസ്ഥാനമില്ലാതെയാണെന്നും ഹരീന്ദ്രൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സംഘർഷത്തിനിടെ ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റില്. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ , അൽത്താഫ് എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമം നടന്നത്.
സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസിന് എസ്ഡിപിഐ പ്രവർത്തകർ തീയിടുകയായിരുന്നു.
സംഘര്ഷത്തില് മുല്ലശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു.
District News
നെടുമങ്ങാട്: സിപിഎം മുല്ലശേരി ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ രണ്ടു എസ്ഡിപിഐ പ്രവർത്തകരും എസ്ഡിപിഐക്കാരുടെ വീടുകൾക്കു നേരെ ആക്രമണം നടത്തുകയും വാഹനങ്ങൾക്ക് കേടുപാടു വരുത്തുകയും ചെയ്ത കേസിൽ നാലു ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസിൽ കീഴടങ്ങി.
എസ്ഡിപി ഐ പ്രവർത്തകരായ കരകുളം ചെക്കക്കോണം വാര്യകോണത്ത് പണയിൽ വീട്ടിൽ നിസാമുദീൻ (49), വട്ടപ്പാറ വേങ്കോട് കൊല്ലമലയത്തുവീട്ടിൽ ഷംനാദ് (36) എന്നിവർ അരുവിക്കര സ്റ്റേഷനിലും ഡിവൈഎഫ്ഐ പ്രവർത്തകരായ സന്നഗർ ഹാഷിക് മൻസിലിൽ റിയാസ് (36), കരകുളം കല്ലറ വീട്ടിൽ അനന്ദു (31), കരകുളം അമലയിൽ അമൽ (31), കരകുളം ജയ ഭവനിൽ അനൂപ് (37) എന്നിവർ നെടുമങ്ങാട് സ്റ്റേഷനിലുമാണ് കീഴടങ്ങിയത്.
കഴിഞ്ഞ നാലിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ചതായിരുന്നു തുടക്കം. പിന്നാലെ എസ്ഡിപി ഐ നേതാക്കളുടെ വീടും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചിരുന്നു. ആംബുലൻസ് കത്തിച്ച പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സിപിഎം- എസ്ഡിപിഐ സംഘര്ഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐയുടെ ആംബുലന്സ് എസ്ഡിപിഐ പ്രവര്ത്തകര് കത്തിച്ചു. എസ്ഡിപിഐയുടെ ആംബുലൻസിന്റെ ഗ്ലാസുകള് സിപിഎം പ്രവർത്തകർ അടിച്ചുതകര്ത്തു.
സംഘര്ഷാവസ്ഥ കണക്കിലെടുത്ത് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് പിക്കറ്റിംഗ് ഏര്പ്പെടുത്തി. ഞായറാഴ്ച രാത്രി നെടുമങ്ങാട് മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ വീട്ടില് രാത്രി പത്തോടെ അതിക്രമിച്ചുകയറിയ എസ്ഡിപിഐ പ്രവര്ത്തകര് ദീപുവിനെ വെട്ടിപ്പരിക്കേല്പ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുമങ്ങാട് താലൂക്കാശുപത്രിയില് പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സിപിഎം പ്രവര്ത്തകര് എസ്ഡിപിഐ പ്രവര്ത്തകരുടെ വീടുകള്ക്കുനേരെ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇന്ന് പുലര്ച്ചെ രണ്ടോടെയാണ് നെടുമങ്ങാട് താലുക്കാശുപത്രിക്ക് സമീപം പാര്ക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലന്സ് എസ്ഡിപിഐ പ്രവര്ത്തകര് കത്തിച്ചത്. എസ്ഡിപിഐയുടെ ആംബുലന്സിന്റെ ഗ്ലാസുകള് സിപിഎം പ്രവര്ത്തകര് അടിച്ചുതകര്ത്തു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിപിഎം-എസ്ഡിപിഐ സംഘര്ഷം നിലനില്ക്കെയാണ് വീണ്ടും ആക്രമണം നടന്നത്. നെടുമങ്ങാട്ടും സമീപപ്രദേശങ്ങളിലുമാണ് വ്യാപകമായി സംഘര്ഷം നടന്നുവന്നിരുന്നത്.